Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Problem

തല്ലിയൊടിച്ച കൈകളുമായി നിൽക്കുന്ന കുഞ്ഞിനൊപ്പം സ്റ്റാറ്റസ് ഫോട്ടോ!

ഒടിഞ്ഞ രണ്ടു കൈകളിലും പ്ലാസ്റ്ററുമായി അമ്മയുടെ ഒക്കത്തിരിക്കുന്ന ആ ഒന്നര വയസുകാരനെ കുറിച്ചെഴുതാൻ ഇപ്പോഴാണ് മനസ് കുറച്ചെങ്കിലും പാകപ്പെട്ടത്. അവന്‍റെ കുഞ്ഞുമുഖം ഓർക്കുമ്പോൾ ഉള്ളിലെങ്കിലും വിതുമ്പിപ്പോകാത്ത മനുഷ്യരുണ്ടാവില്ല.

ഒരു കുഞ്ഞു മനസിനും ശരീരത്തിനും താങ്ങാൻ പറ്റുന്നതിലുമെത്രയോ മുറിവുകളും വേദനയും തന്‍റെ ചെറിയ ജീവിതകാലത്തു പേറി അതിക്രൂരമായി കൊല്ലപ്പെട്ടു, അർഷിദ് എന്ന കുഞ്ഞ്! അവനെ തല്ലിയും മുറിവേൽപ്പിച്ചും തൊലി പൊളിച്ചും പൊള്ളിച്ചും ഒടുവിൽ മർദിച്ചും കൊന്ന അമ്മയുടെ പങ്കാളി കുറ്റം സമ്മതിക്കുകയും അവനെ അമ്മയുടെ മുന്നിൽ വച്ചുതന്നെ കഴിഞ്ഞ മൂന്നുമാസമായി വായിൽ തുണി തിരുകി നിരന്തരം പീഡിപ്പിച്ചിരുന്നതായി മൊഴി നൽകുകയും ചെയ്തു.

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരമൊരു പിഞ്ചു കുഞ്ഞിന്‍റെ കൊലപാതകം ഇതെത്രാമത്തെയാണ്? ഇനി വീണ്ടും എത്ര ജീവനുകൾ പൊലിയേണ്ടി വരും ഇതിനൊരറുതിയുണ്ടാവാൻ?

ശിശുഹത്യകൾ തുടർക്കഥ

ഈ വർഷം തുടക്കത്തിലാണ്, നെയ്യാറ്റിൻകരയിൽ കുഞ്ഞ് കരഞ്ഞ് ഉറക്കം നഷ്ടപ്പെട്ടെന്ന കാരണത്തിൽ സ്വന്തം പിതാവ് തന്‍റെ ഒരു വയസുള്ള കുഞ്ഞിനെ മർദിച്ചു കൊന്നത്. കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും മുഖത്തു പുതപ്പ് വലിച്ചിട്ടു ശ്വാസം മുട്ടിക്കുമായിരുന്നെന്നും അമ്മ മൊഴി നൽകി. തൊടുപുഴയിൽ ഒരു ആറു വയസുകാരനെ രണ്ടാനച്ഛൻ മൃഗീയമായി പീഡിപ്പിച്ചു കൊന്നതും കോഴിക്കോട് മറ്റൊരാറു വയസുകാരിയെ രണ്ടാനമ്മ പട്ടിണിക്കിട്ടു കൊന്നതും വാളയാറ് രണ്ടു പെൺകുഞ്ഞുങ്ങൾ നിരന്തരമായ ലൈംഗിക പീഡനങ്ങൾക്കു ശേഷം കയറിൽ തൂങ്ങി നിന്നതും നമ്മൾ മറന്നിട്ടില്ല.

അമ്മമാരും അച്ഛന്മാരും അവരുടെ പങ്കാളികളും കൊന്നു കളഞ്ഞ കുഞ്ഞുങ്ങളിലാരും പെട്ടെന്നൊരു അബദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരല്ല. അവർ നിരന്തരം മർദനങ്ങൾക്കും പീഡനങ്ങൾക്കും വിധേയരായിരുന്നെന്നും അതു വീട്ടിനകത്തോ പുറത്തോ ഉള്ള മറ്റുള്ളവർക്കും അറിയാമായിരുന്നെന്നും അവരുടെ മരണ ശേഷം മാത്രം മൊഴികൾ പുറത്തു വന്നു. പോസ്റ്റുമോർട്ടം ടേബിളിൽ വിറങ്ങലിച്ചു കിടന്നിരുന്ന അവരുടെ കുഞ്ഞുശരീരങ്ങൾ അവരനുഭവിച്ച ക്രൂരതകൾ ലോകത്തിനു വെളിവാക്കി.

പ്രതികളായവരുടെ ആദ്യത്തെ കുറ്റകൃത്യവുമല്ല ഇവ. പലരും ലഹരിക്കടിമകളും മറ്റു കുടുംബാംഗങ്ങളെ, പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെ അമ്മമാരെ, ഉപദ്രവിച്ചിരുന്നതായും കാണാം. നെടുമങ്ങാട് ഒന്നര വയസുകാരനെ കൊല ചെയ്ത അമ്മയുടെ പങ്കാളി തന്‍റെ ആദ്യ ഭാര്യയെ മുൻപ് സമാനതകളില്ലാത്ത വിധം ക്രൂരമായി ദേഹോപദ്രവമേൽപ്പിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതിന്‍റെ ഫലമായി ഇരുപത്തിമൂന്നു വയസ് മാത്രമുള്ള ആ പെൺകുട്ടി ചലനശക്തി നഷ്ടപ്പെട്ട് കിടപ്പിലായി. കുടുംബം നൽകിയ പരാതികളിലൊന്നും പോലീസ് നടപടികളെടുത്തില്ലെന്ന് അവർ പരിതപിക്കുന്നു.

അയാളുടെ രണ്ടാമത്തെ പങ്കാളിയാകട്ടെ, ബന്ധം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടു. പരാതികളില്ലാതെ അതു തേഞ്ഞു മാഞ്ഞു പോയി. പുറമേ, പ്രതി പലരിൽ നിന്നു പണം തട്ടിയതായി കേസുകളുണ്ടെന്നും വാർത്തകൾ പുറത്തു വരുന്നു. അതായത്, ക്രൂരമായ ദേഹോപദ്രവം, കൊലപാതക ശ്രമം, മറ്റു ക്രിമിനൽ പ്രവർത്തികൾ എന്നിവ ഇതേ പ്രതി മുൻപും നടത്തുകയും അതിൽനിന്നെല്ലാം സുഖമായി രക്ഷപ്പെട്ടു പോരുകയും ചെയ്തത് ഒന്നര വയസുള്ള ഈ കുഞ്ഞെന്ന ‘ബാധ്യത’ ഇല്ലാതെയാക്കാൻ അയാൾക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. കുഞ്ഞിന്‍റേത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയുള്ള അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തത് ഇതുമായി കൂട്ടി വായിക്കാം.

എവിടെ തുടങ്ങണം?

നിയമ, നീതി നിർവഹണ സംവിധാനങ്ങൾക്കപ്പുറം എന്തുകൊണ്ട് ഇത്തരം അക്രമപ്രവണതകളെ മുളയിലേ നുള്ളാൻ നമുക്കു കഴിയുന്നില്ല? അച്ഛൻ അമ്മയെ ദേഹോപദ്രവമേൽപ്പിക്കുന്നതു കണ്ടു വളരുന്ന ആൺമക്കൾ അതേ പാത പിന്തുടരാൻ സാധ്യതയുണ്ടെന്നു പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും, ഗാർഹികപീഡനം ഒരു കുടുംബപ്രശ്നമായി നിസാരവത്കരിക്കപ്പെടുന്നു.
ചെറുപ്പത്തിൽ ആൺമക്കൾ കൂടെ പഠിക്കുന്ന, കൂടെ കളിക്കുന്ന കൂട്ടുകാരെയും ഇളയ സഹോദരങ്ങളെയും ഉപദ്രവിക്കുമ്പോൾ, ഉപദേശിക്കുന്നതിനും നേർവഴി നടത്തുന്നതിനും പകരം, ‘അവൻ ഒരു വഴക്കാളിയാണ്’, ‘ദേഷ്യക്കാരനാണ്’, ‘പ്രായത്തിന്‍റെ ചോരത്തിളപ്പാണ്‌’ എന്ന് പറഞ്ഞ് ലഘൂകരിക്കുകയും കൗമാരത്തിലും യൗവനത്തിലും അത് ‘ആണത്ത’ത്തിന്‍റെ പ്രതീകമായി വാഴ്ത്തുകയും തല്ലുകൊള്ളുന്ന പെണ്മക്കളോടു സഹിക്കാനും കുട്ടികൾക്കു ജന്മം നൽകാനും പറയുകയും ചെയ്യുന്നത്, ദേഹോപദ്രവത്തിനും പീഡനത്തിനുമുള്ള മൗനസമ്മതം നൽകലാണ്.

അങ്ങനെ, ശിക്ഷയും ചികിത്സയും ആവശ്യമുള്ള ഇത്തരം സ്വഭാവവൈകല്യങ്ങളെ ഹീറോയിസവും അതിലേർപ്പെടുന്ന ‘ഷമ്മി’കളെ ‘ഹീറോ’യുമാക്കുന്നത് നമ്മളിൽ തന്നെയൊരു വലിയ വിഭാഗമാണ്. ഇക്കാലത്തും പ്രതികരിക്കാതെ നിശബ്ദം സഹിക്കുകയോ ഇത്തരം ക്രൂരതകൾക്ക് കൂട്ടു നിൽക്കുകയോ ചെയ്യുന്ന സ്ത്രീകൾ ഇതിന്‍റെ മറ്റൊരു വശമാണ്. അവർ ഇരകളാണെന്ന്, ഇരകൾ മാത്രമാണെന്ന് വാദിക്കേണ്ടുന്ന കാലം കഴിഞ്ഞിരിക്കുന്നു. 'മാതൃത്വം ദിവ്യമാണ്' എന്ന സങ്കൽപ്പത്തിൽ നിന്നല്ല, പകരം 'പേരന്‍റിംഗ് ഒരു കൂട്ടുത്തരവാദിത്തമാണ്' എന്ന യാഥാർഥ്യത്തിൽനിന്നാണ് നമ്മൾ ഈ വീഴ്ചകളെ വിലയിരുത്തേണ്ടത്.

സ്വന്തം പ്രവൃത്തികളുടെ, നിഷ്ക്രിയത്വത്തിന്‍റെ പരിണിത ഫലം ഏറ്റെടുക്കാൻ അവരും ബാധ്യസ്ഥരാണ്; പ്രത്യേകിച്ച് കുടുംബത്തിനുള്ളിൽ കുഞ്ഞുങ്ങൾ പീഡനത്തിനിരയായാൽ! തെറ്റുകുറ്റങ്ങളിൽ അകൗണ്ടബിൾ ആവുകയും അവ തിരുത്തുകയും ചെയ്യാതെ സാമൂഹിക മാറ്റങ്ങൾ ഉണ്ടാകില്ല.

എത്രയോ സമാനമായ ദുരന്തങ്ങൾ ചുറ്റുമുണ്ടായിട്ടും അവയിൽനിന്നൊന്നും പഠിക്കാത്ത, മുൻകരുതലെടുക്കാനാവാത്ത സ്ത്രീകൾ വലിയ ചോദ്യചിഹ്നമാണ്. ആത്മാഭിമാനം വീണ്ടെടുക്കാനോ ജീവിതത്തെ മുറുക്കെപ്പിടിക്കാനോ സ്വന്തം കുഞ്ഞുങ്ങളുടെ സംരക്ഷണവും ഉത്തരവാദിത്തവും ഉറപ്പാക്കാനോ പോലും കെൽപ്പോ താത്പര്യമോ ഇല്ലാതെ ഒരു പീഡകന്‍റെ പങ്കാളിയായി മാത്രം നിലനിന്നു പോകാൻ ഇങ്ങനെ കുറേ പേർ വ്യഗ്രത കാണിക്കുമ്പോൾ സാമൂഹിക അപചയത്തിന്‍റെ ദുഷിച്ച വൃത്തം പൂർത്തിയാകുന്നു! തല്ലിയൊടിക്കപ്പെട്ട രണ്ടു കൈകളുമായി നിൽക്കുന്ന കുഞ്ഞിനൊപ്പം ചിരിച്ചു സ്റ്റാറ്റസിടുന്ന ഒരമ്മ അതിന്‍റെ ന്യൂജെൻ പ്രതീകമാകുന്നു.

Latest News

Corehub Up